10:26am 24 November 2026
NEWS
കൊച്ചിയില്‍ നവംബര്‍ 23ന് മെഗാ ഡി എല്‍ സി ക്യാമ്പ് 5.0, സ്പര്‍ശ് ഔട്ട്റീച്ച് പരിപാടി
23/11/2026  11:08 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചിയില്‍ നവംബര്‍ 23ന് മെഗാ ഡി എല്‍ സി ക്യാമ്പ് 5.0, സ്പര്‍ശ് ഔട്ട്റീച്ച് പരിപാടി

 

കൊച്ചി: പ്രതിരോധ പെന്‍ഷന്‍കാരുടെയും കുടുംബ പെന്‍ഷന്‍കാരുടെയും ക്ഷേമം ലക്ഷ്യമിട്ട് ചെന്നൈ കണ്‍ട്രോളര്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ട്‌സിന്റെ (സി ഡിഎ) ആഭിമുഖ്യത്തില്‍ മെഗാ ഡിഎല്‍സി ക്യാമ്പ് 5.0, സ്പര്‍ശ് ഔട്ട്റീച്ച് പരിപാടി നവംബര്‍ 23ന് കൊച്ചിയില്‍ സംഘടിപ്പിക്കും. എം ജി റോഡില്‍ ഷേണായീസിന് സമീപം ഗംഗോത്രി കല്യാണമണ്ഡപത്തിലാണ് പരിപാടി നടക്കുന്നത്.

കേന്ദ്ര പെന്‍ഷന്‍- പെന്‍ഷനേഴ്സ് ക്ഷേമ വകുപ്പ് സെക്രട്ടറി ന്രിവേദിത ശുക്ല വര്‍മ്മ മുഖ്യാതിഥിയായിരിക്കും. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ട്‌സ് അല്‍ക നാംഗിയ അറോറ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

പെന്‍ഷന്‍കാരുടെ പരാതികള്‍ പരിഹരിക്കുന്നതിനും വാര്‍ഷിക മസ്റ്ററിങ് സമര്‍പ്പിക്കുന്നതിനുമായി ബയോമെട്രിക് ഉപകരണങ്ങള്‍, കമ്പ്യൂട്ടറുകള്‍, പ്രിന്ററുകള്‍, സ്‌കാനറുകള്‍ തുടങ്ങിയ സംവിധാനങ്ങളുമായി ചെന്നൈ സി ഡി എയിലെ 30 അംഗ സംഘം ക്യാമ്പില്‍ സജ്ജമായിരിക്കും. കൂടാതെ, പ്രയാഗ്രാജിലെ പി സി ഡി എ (പെന്‍ഷന്‍സ്), ഡല്‍ഹിയിലെ സി ജി ഡി എ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാകും.

കരസേനാ പെന്‍ഷന്‍കാരുടെ ആവശ്യങ്ങള്‍ക്കായി വിവിധ റെക്കോര്‍ഡ് ഓഫീസുകളില്‍ നിന്നുള്ള പ്രതിനിധികളും നാവികസേനാ പെന്‍ഷന്‍കാരുടെ സേവനങ്ങള്‍ക്കായി നേവല്‍ പെന്‍ഷന്‍ ഓഫീസില്‍ നിന്നുള്ള സംഘവും വ്യോമസേനാ പെന്‍ഷന്‍കാരുടെ ആവശ്യങ്ങള്‍ക്കായി ഡയറക്ടറേറ്റ് ഓഫ് എയര്‍ വെറ്ററന്‍സില്‍ നിന്നുള്ള സംഘവും ക്യാമ്പില്‍ പങ്കെടുക്കും. പ്രമുഖ പൊതുമേഖലാ ബാങ്കുകളുടെയും ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെയും പ്രതിനിധികളും സേവനത്തിനുണ്ടാകും.

കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ പ്രതിരോധ പെന്‍ഷന്‍കാരും കുടുംബ പെന്‍ഷന്‍കാരും ഈ അവസരം പ്രയോജനപ്പെടുത്തി വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കുകയും പെന്‍ഷന്‍ സംബന്ധമായ പരാതികള്‍ പരിഹരിക്കുകയും ചെയ്യണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

ക്യാമ്പിന് മുമ്പായി പരാതികളോ അപേക്ഷകളോ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അനുബന്ധ രേഖകള്‍ സഹിതം 8807 380 165 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കാവുന്നതാണ്. അല്ലെങ്കില്‍ dpdokoc@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്കും അപേക്ഷകള്‍ അയക്കാം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img